
നീർവിളാകം : ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളി വിളക്കെഴുന്നള്ളിപ്പ് ബുധനാഴ്ച
രാത്രി നടക്കും. തടി ചട്ടത്തിൽ നിർമ്മിച്ച കൂറ്റൻ പള്ളി വിളക്കിന് മുപ്പത് അടി പൊക്കമുണ്ട്. തൂക്കിയിട്ട ഞാലികളിൽ ഉറപ്പിച്ച മൺ ചെരാതുകളിലായി ആയിരത്തി എട്ട് തിരികൾ കത്തിച്ചു രാത്രി മൂന്നിന് പള്ളിവേട്ട വരവിനൊപ്പമാണ് ക്ഷേത്ര നടയിലേക്ക് വിളക്കെഴുന്നള്ളിപ്പ്.
പള്ളി വേട്ട ആൽ ചുവട്ടിലാണ് വിളക്ക് കത്തിച്ച് വെയ്ക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പഴയ പള്ളിവിളക്കിന് പകരം 2013 ൽ നിർമ്മിച്ച വിളക്കാണ് ഇപ്പോൾ ഉള്ളത് . മുൻപ് നൂറു കണക്കിന് ആളുകൾ ചേർന്ന് ചുമലിൽ ഉയർത്തി ആയിരുന്നു ഇത് കൊണ്ട് വന്നിരുന്നത്. പുതിയത് നിർമ്മിച്ചപ്പോൾ പകരം തടി ചക്രങ്ങൾ ഘടിപ്പിച്ചു . ഇപ്പോൾ കിഴക്കേ ഗോപുരത്തിന്റെ മുന്‍പിലേക്ക് ഉരുട്ടിയാണ് വിളക്ക് എഴുന്നള്ളിക്കുന്നത്. പ്രകൃതി ജന്യമായ ചായക്കൂട്ടുകൾ കൊണ്ട് മുഖപ്പും വ്യാളി മുഖവും കോലമെഴുതിയ ശേഷമാണ് തിരികൾ കൊളുത്തുന്നത്.
മലങ്കാവ് ചെറുകര മലനടയിൽ നിന്നുള്ള കൊടി എഴുന്നെള്ളിപ്പും ഉത്രം ഉത്സവത്തിന്റെ ഭാഗമായി നടക്കും. പരമ്പരാഗതമായി നടക്കുന്ന ഈ ചടങ്ങിനും ഏറെ പഴക്കമുണ്ട്. പകൽ 4.30 ന് വേലകളി സമയത്താണ് ഈ ചടങ്ങ് . പകൽ 10.30 ന് പെരിങ്ങാട്ട് കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് അഭിഷേക ദ്രവ്യങ്ങൾ നിറച്ച് തുടങ്ങുന്ന കാവടിയാട്ടം ഉണ്ട്.വൈകിട്ട് 6.30 ന് നാദസ്വര കച്ചേരി, 11 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതം -നൃത്ത നാടകം, 12 ന് കളമെഴുത്തും പാട്ടും എന്നിവയാണ് പ്രധാന പരിപാടികൾ.
വ്യാഴാഴ്ച്ച ആണ് ആറാട്ട്. വൈകിട്ട് 4.30 ന് കുറിച്ചിമുട്ടം ശാസ്താ മണ്ഡപത്തിലേക്ക് എഴുന്നള്ളിപ്പ് പുറപ്പെട്ട് ബന്ധുക്കര സ്വീകരണത്തിന് ശേഷം മടങ്ങി നീർവിളാകം ക്ഷേത്രം വക ചിറവാൽ ആറാട്ട് കുളത്തിൽ ആറാട്ട് നടക്കും. താലപ്പൊലി, അൻപൊലി , പഞ്ചാരി മേളം അകമ്പടിയിൽ ആറാട്ട് വരവ് ഒൻപത് മണിയോടെ ക്ഷേത്രത്തിൽ മടങ്ങിയെത്തിയ ശേഷം കൊടിയിറക്ക് നടക്കും.











